Courtesy & kindness · discussion · Member submitted
വിദേശത്ത് താമസിക്കുന്ന പ്രിയപ്പെട്ടവരോടാണ് ഈ കുറിപ്പ്.
Thomas Vellaringattu · 28/11/2026
ആശാ റാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾ വായിക്കാതെ പോകരുത്.
വിദേശത്ത് താമസിക്കുന്ന പ്രിയപ്പെട്ടവരോടാണ് ഈ കുറിപ്പ്.
നാട്ടിൽ നിങ്ങളുടെ പ്രായമായ മാതാപിതാക്കളുടെ കൂടെ താമസിക്കുന്ന, അവരെ പരിചരിക്കുന്ന ഒരു സഹോദരനോ സഹോദരിയോ നിങ്ങൾക്കുണ്ടാവില്ലേ? ജീവിതത്തിൽ വലിയ നേട്ടങ്ങളൊന്നും ഒരുപക്ഷേ നേടിയെടുക്കാൻ കഴിയാതെ പോയ, വളരെ സാധാരണമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയും കുടുംബവും!
നിങ്ങളോട് ഒരൊറ്റ അപേക്ഷയേയുള്ളൂ. മാതാപിതാക്കൾക്ക് വേണ്ടി ആ സഹോദരനും പങ്കാളിയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ദയവായി പരാതികൾ പറയാതിരിക്കുക. ദിവസവും കൂടെ നിന്ന് നോക്കുന്നവരെ മോശക്കാരാക്കരുത്. ചെറിയ കാര്യങ്ങൾ പർവ്വതീകരിച്ച്, മാതാപിതാക്കൾ നിർമ്മിക്കുന്ന പരാതികളിലും പരിഭവങ്ങളിലും പങ്കുചേർന്ന്, അവർക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന കെയർ പോലും ഇല്ലാതാക്കുന്ന അവസ്ഥ ഉണ്ടാക്കരുത്.
അടുത്തിടെ ഒരു വീട് സന്ദർശിക്കാൻ ഇടയായി. അവിടെ കണ്ട കാഴ്ചയാണ് ഈ കുറിപ്പിന് ആധാരം.
മക്കളെല്ലാം വിദേശത്തുള്ള ഒരു ദമ്പതികൾ. അവരുടെ ഏറ്റവും ഇളയ മകനും ഭാര്യയുമായിരുന്നു നാട്ടിൽ അവരെ സംരക്ഷിച്ചിരുന്നത്. മകൻ വിവാഹം കഴിച്ചു വന്ന അന്നുമുതൽ ആ വീട്ടിലെ അമ്മ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ബന്ധുക്കളെല്ലാം ആ സ്ത്രീയുടെ പക്ഷത്ത് ചേർന്നു. വിവാഹം കഴിഞ്ഞ് വന്ന ആ പെൺകുട്ടിയെ അവർ അക്ഷരാർത്ഥത്തിൽ ചക്രശ്വാസം മുട്ടിച്ചു.
നാടുനീളെ നടന്ന് മരുമകളെക്കുറിച്ച് പരദൂഷണം പറയുകയായിരുന്നു ആ അമ്മയുടെ പ്രധാന വിനോദം. അതിന് കുടപിടിക്കാൻ വിദേശത്തുള്ള മക്കളും! മണിക്കൂറുകൾ നീളുന്ന വാട്സ്ആപ്പ് പരദൂഷണങ്ങളിലൂടെ അവർ നാട്ടിൽ നിൽക്കുന്ന സഹോദരനെയും ഭാര്യയെയും വിചാരണ ചെയ്തു. അവസാനം ആ മകനെയും മരുമകളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. അല്ല, അവർ പേടിച്ച് ഓടിപ്പോയി എന്നതാണ് സത്യം.
ഇനിയാണ് കാര്യങ്ങൾ വഷളായത്. ഇറങ്ങിപ്പോയ സഹോദരനെയും ഭാര്യയെയും കുറ്റം പറഞ്ഞതല്ലാതെ, വിദേശത്തുള്ള മക്കൾ ആരും തന്നെ നാട്ടിൽ വന്ന് മാതാപിതാക്കളെ സംരക്ഷിക്കാനോ വിദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകാനോ ശ്രമിച്ചില്ല. പകരം, പട്ടിക്ക് എല്ലിൻ കഷണം ഇട്ടുകൊടുക്കും പോലെ പണം അയച്ചുകൊടുത്തു.
ആദ്യമൊക്കെ ആ ദമ്പതികൾക്ക് അത് വലിയ സുഖമായി തോന്നി. കൈനിറയെ പണം, ആരോടും കണക്കു പറയേണ്ടാത്ത ജീവിതം, ഇഷ്ടമുള്ള ഭക്ഷണം, യാത്രകൾ, സുഖജീവിതം! ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന ജീവിതമാണല്ലോ അത്. ഒപ്പം, 'മകനും മരുമകളും ഉപേക്ഷിച്ചു പോയ വൃദ്ധർ' എന്ന നാടൻ സഹതാപ തരംഗവും അവർ നന്നായി ആസ്വദിച്ചു.
ഇപ്പോൾ ആ അമ്മ രോഗിയായി. സംരക്ഷണം അത്യാവശ്യമുള്ള അവസ്ഥ. രോഗം മൂലം എഴുന്നേറ്റ് നടക്കാനോ ഭക്ഷണം ഉണ്ടാക്കാനോ പോലും കഴിയാതെ കിടന്നിട്ടും, ഇളയ മകന്റെ കുടുംബം തകർക്കാൻ കൂടെ നിന്ന ആരും അവരെ നോക്കാനോ കൂട്ടിക്കൊണ്ടുപോകാനോ വന്നില്ല. ജോലിക്കാരെ നിർത്താനുള്ള ശ്രമങ്ങൾ ഈ സ്ത്രീയുടെ സ്വഭാവം കാരണം പരാജയപ്പെട്ടു. കൂടെ വാർദ്ധക്യത്തിന്റെ അരക്ഷിതാവസ്ഥകളും അനിശ്ചിതത്വങ്ങളും!
സ്വാഭാവികമായും നാട്ടുപരദൂഷണവും ബന്ധുക്കളും ഇവരുടെ സംരക്ഷണം നാട്ടിൽ നിൽക്കുന്ന ആളെന്ന നിലയ്ക്ക്, ഈ സ്ത്രീ തന്നെ ഇറക്കിവിട്ട ഇളയ മകനിലും ഭാര്യയിലും കെട്ടിവെച്ചു. തീരെ അവശനിലയിലായ സമയത്ത് വന്നുനിന്ന് ശുശ്രൂഷിച്ച് ആ സ്ത്രീയെ വീണ്ടും ആരോഗ്യവതിയാക്കിയെങ്കിലും, തന്റെ യൗവ്വനകാലവും കുടുംബജീവിതവും നരകമാക്കിയ ഇവരുടെ സ്ഥിരം സംരക്ഷണം ഏറ്റെടുക്കാൻ ബാധ്യതയില്ലെന്ന് മകൻ തീർത്തു പറഞ്ഞു. സ്വന്തം കുടുംബത്തിന്റെ സമാധാനം സംരക്ഷിക്കാൻ അവിടെ നിൽക്കാൻ അവർ വിസമ്മതിച്ചു. സത്യത്തിൽ, അത് തന്നെയാണ് ന്യായവും!
ഇപ്പോൾ വീട്ടിൽ സഹായികളെ നിർത്താൻ ഈ ദമ്പതികൾക്ക് യാതൊരു താല്പര്യവുമില്ല. ജോലിക്കാർ കള്ളികളാണെന്നും തങ്ങളെ അപായപ്പെടുത്തുമെന്നുമാണ് അവരുടെ വാദം. കൺവിൻസ് ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇവരുടെ നല്ല കാലത്ത് പരദൂഷണ പാർട്ടിക്ക് കൂടെ നിന്ന ബന്ധുക്കളെല്ലാം ഇപ്പോൾ തഞ്ചത്തിൽ ഇവരോട് വഴക്കായി. കാരണം, അടുത്തു നിന്നാൽ സംരക്ഷണ ഉത്തരവാദിത്തം സ്വന്തം തലയിലാകുമല്ലോ!
വിദേശത്തുള്ള മക്കൾ മാതൃ-പിതൃ സ്നേഹത്തെക്കുറിച്ച് കുറെ ഉടായിപ്പ് ഗാനരചന നടത്തും എന്നല്ലാതെ ഇവരെ കൂടെ കൊണ്ടുപോയി നിർത്താനുള്ള യാതൊരു നീക്കവും നടത്തുന്നില്ല. "വിളിച്ചിട്ട് വരുന്നില്ല" എന്നാണ് അവരുടെ മൊഴി. എന്നാൽ ഞാൻ ഈ സ്ത്രീയോട് സംസാരിച്ചപ്പോൾ മനസ്സിലായത്, മക്കളാരും കാര്യമായി വിളിച്ചിട്ടില്ല എന്നാണ്! വിളിച്ചാൽ കൂടെ പോകാനും ശിഷ്ടകാലം അവിടെ ജീവിക്കാനും ഇടയ്ക്ക് അവധിക്ക് നാട്ടിൽ വരാനും അവർ സന്നദ്ധരാണ്. പക്ഷേ, വിദേശയാത്രയുടെ വിഷയം സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ മക്കൾ എന്തെങ്കിലും വഴക്കുണ്ടാക്കി അത് മുടക്കും. ഇന്നുവരെ ആരും കാര്യമായ ഒരു ശ്രമവും നടത്തിയിട്ടില്ല.
ഇത് ഒരാളുടെ വീട്ടിലെ മാത്രം ഒറ്റപ്പെട്ട അവസ്ഥയല്ല. നാട്ടിൽ കൂടെ നിന്ന് നോക്കുന്ന മക്കളുടെ കുറവും കുന്നായ്മയും വിദേശത്തുള്ള മക്കളുമായി ചേർന്ന് പറഞ്ഞുപരത്തി, അവസാനം ജീവിതം പെരുവഴിയിലാക്കിയ ധാരാളം വൃദ്ധജനങ്ങളുടെ കഥകൾ നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ടാണ് ഇത്രയും എഴുതിയത്.
വിദേശ രാജ്യങ്ങളുടെ സമ്പൽസമൃദ്ധിയിലും സാമൂഹ്യ സുരക്ഷയിലും ഇരുന്ന്, വിദേശ കറൻസിയുടെ ബലത്തിൽ നാട്ടിൽ മാതാപിതാക്കളെ സംരക്ഷിക്കുന്ന സഹോദരന്റെയോ സഹോദരിയുടെയോ കുടുംബത്തെ വിധിക്കാൻ നിൽക്കരുത്. പകരം, അവരുടെ സേവനങ്ങളുടെ ക്വാളിറ്റി പരിശോധിക്കാനും, മാതാപിതാക്കളോടൊപ്പം ചേർന്ന് അവരുടെ ജീവിതം ദുസ്സഹമാക്കാനും ഇറങ്ങിപ്പുറപ്പെടരുത്. കാരണം, അവർ നാട്ടിൽ താമസിച്ച് സ്വന്തം ജീവിതത്തിലെ പല സന്തോഷങ്ങളും വേണ്ടെന്ന് വെച്ചാണ് നിങ്ങളുടെ കൂടി ഉത്തരവാദിത്തമായ മാതാപിതാക്കളുടെ സംരക്ഷണം ചെയ്യുന്നത്. അതിന് ഹൃദയം കൊണ്ട് നന്ദിയുള്ളവരായിരിക്കുക എന്നതാണ് നല്ല മനസ്സുള്ള മനുഷ്യർ ചെയ്യേണ്ടത്.
അല്ലെങ്കിൽ, നിങ്ങൾ ജീവിക്കുന്ന ആ രാജ്യങ്ങളിൽ മക്കൾ എങ്ങനെയാണ് മാതാപിതാക്കളോട് ഇടപെടുന്നത് എന്ന് നോക്കൂ. അവർ പൊള്ളയായ മാതൃ-പിതൃ ഗാഥകൾ പാടാറില്ല. പകരം, അവരെ സ്വതന്ത്ര വ്യക്തികളായി കാണുന്നു. വാർദ്ധക്യകാല ജീവിതവും സംരക്ഷണവും അന്തസ്സുള്ളതാണെന്ന് ഉറപ്പുവരുത്തുന്നു. അവിടെ മക്കളുടെ ജീവിതം മാതാപിതാക്കളുടെ കൺട്രോളിലോ, തിരിച്ച് മാതാപിതാക്കൾ മക്കളുടെ നിയന്ത്രണത്തിലോ ദയാദാക്ഷിണ്യത്തിലോ അല്ല ജീവിക്കുന്നത്.
ഈ യാഥാർത്ഥ്യം നമ്മൾ എന്നാണ് തിരിച്ചറിയുക? ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി പങ്കുവെക്കൂ...



